ലേഖനം

ഹേബർമാസിൽ നിന്ന് ബോർദ്യുവിലേക്ക്: ഡിജിറ്റൽ യുഗത്തിലെ മലയാള വായന

Shamil Ezhuthumthodi·

മലയാളിയുടെ സാമൂഹിക വിപ്ലവങ്ങളിലും നവോത്ഥാന പ്രസ്ഥാനങ്ങളിലും ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയ ഒന്നാണ് അച്ചടിയും വായനാ സംസ്കാരവും. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി വളർന്നുവന്ന വായനാശീലം കേരളത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രീയവും സാമൂഹികവുമായ പ്രവർത്തനങ്ങളുടെ അടിത്തറയാണ് വായന. 19-ാം നൂറ്റാണ്ടിൽ മിഷനറിമാർ കൊണ്ടുവന്ന അച്ചടിസംസ്കാരം മുതൽ 20-ാം നൂറ്റാണ്ടിലെ 'ന്യൂസ്‌പേപ്പർ റെവല്യൂഷൻ' വരെ മലയാളിയുടെ പൊതുജീവിതത്തെ നിർണ്ണയിച്ചത് വലിയ വായനാസംസ്കാരമാണ്. ബെനഡിക്റ്റ് ആൻഡേഴ്സന്റെ 'സങ്കല്പിത സമൂഹങ്ങൾ' എന്ന സങ്കൽപ്പത്തെ അന്വർത്ഥമാക്കും വിധം അച്ചടി മുതലാളിത്തവും ഭാഷാപരമായ ഐക്യവും കേരളീയ പൊതുസമൂഹ രൂപീകരണത്തിന് വഴിയൊരുക്കി. എന്നാൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോളവൽക്കരണവും ഡിജിറ്റൽ വിപ്ലവവും മലയാള സാഹിത്യത്തിന്റെ നിർമ്മിതി, വിതരണം, ആസ്വാദനം എന്നിവയെ സമൂലം മാറ്റിമറിച്ചു. ഗ്രന്ഥശാലകളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും വായന സ്‌മാർട്ട്‌ഫോണുകളിലേക്കും, കിൻഡിലുകളിലേക്കും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും സംക്രമിച്ചു. ഈ പശ്ചാത്തലത്തിൽ, വായന എന്നത് ജനാധിപത്യപരമായ യുർഗൻ ഹാബർമാസിന്റെ പൊതുമണ്ഡല രൂപീകരണത്തിൽ നിന്ന്, വ്യക്തിഗതമായ പിയർ ബുർദിയുടെ “സാംസ്കാരിക മൂലധനം” പ്രദർശിപ്പിക്കുന്ന പ്രകടനപരമായ ഇടമായി മാറിയോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

യൂർഗൻ ഹേബർമാസ് തൻ്റെ 'The Structural Transformation of the Public Sphere' (1989) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ച ആശയമാണ് പൊതുമണ്ഡലം. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കും സ്വകാര്യ കുടുംബ ജീവിതത്തിനും മധ്യേ പൗരന്മാർക്ക് തുല്യതയോടെ ഒത്തുചേരാവുന്ന ഇടമാണിത്. ഇവിടെ വായന, അച്ചടി മാധ്യമങ്ങൾ, സംവാദങ്ങൾ എന്നിവയിലൂടെ 'പൊതു അഭിപ്രായം' രൂപപ്പെടുന്നു. വാണിജ്യവൽക്കരണവും മാസ് മീഡിയയുടെ കടന്നുവരവും ഈ യുക്തിസഹമായ സംവാദമണ്ഡലത്തെ ക്രമേണ ദുർബലപ്പെടുത്തുന്നു എന്ന് ഹേബർമാസ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

പിയറി ബോർദ്യു 'The Field of Cultural Production' (1993) എന്ന ഗ്രന്ഥത്തിലൂടെ സാംസ്കാരിക മൂലധനത്തെ മൂന്ന് രീതിയിൽ വേർതിരിച്ച് കാണിക്കുന്നു: ഒന്ന്, എൻബോഡീഡ് അഥവാ വ്യക്തികൾ ആർജ്ജിച്ചെടുക്കുന്ന അഭിരുചി, അറിവ്, സംഭാഷണ ശൈലി. രണ്ട്, ഒബ്ജക്റ്റിഫൈഡ് അഥവാ പുസ്തകങ്ങൾ, കലാസൃഷ്ടികൾ, ഉൽപന്നങ്ങൾ എന്നിവ കൈവശം വെക്കൽ. മൂന്ന്, ഇൻസ്റ്റിറ്റ്യൂഷണലൈസ്ഡ് അഥവാ അക്കാദമിക് ബിരുദങ്ങളും അംഗീകാരങ്ങളും. ഡിജിറ്റൽ യുഗത്തിൽ സാഹിത്യ ആസ്വാദനവും വായനയും ഒരു വ്യക്തിയുടെ ഡിജിറ്റൽ പ്രൊഫൈൽ, ലൈക്കുകൾ, അഭിരുചി എന്നിവ ഉയർത്താനുള്ള 'സാംസ്കാരിക മൂലധനമായി' ഈ ആധുനിക കാലത്ത് മാറിക്കൊണ്ടിരിക്കുകയാണ്.

ബേസൽ ഇവാഞ്ചലിക്കൽ മിഷൻ്റെ പ്രവർത്തനങ്ങളും പത്രപ്രവർത്തനത്തിന്റെ തുടക്കവും കേരളത്തിൽ അച്ചടി വിപ്ലവത്തിന് തിരികൊളുത്തി. തുടർന്ന് 'കേരള സഞ്ചാരി', 'സ്വദേശാഭിമാനി', 'മലയാള മനോരമ' തുടങ്ങിയ പത്രങ്ങൾ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മലബാർ കേന്ദ്രീകരിച്ചും തിരുവിതാംകൂർ കേന്ദ്രീകരിച്ചും വളർന്നുവന്ന വായനശാലകളും വായനാ കൂട്ടായ്മകളും ഹേബർമാസിയൻ പബ്ലിക് സ്പിയറിന്റെ പ്രായോഗിക ഉദാഹരണങ്ങളായിരുന്നു. ചായക്കടകളിലും വായനശാലകളിലും ദിനപത്രങ്ങളും പുസ്തകങ്ങളും ഉറക്കെ വായിക്കുകയും, അവിടുത്തെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ആൾക്കാർ തുല്യതയോടെ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ജാതി-വർഗ്ഗ ഭേദമന്യേ അറിവ് പങ്കുവെക്കപ്പെട്ടതോടെ വായന ഒരു വലിയ സാമൂഹിക മാറ്റത്തിന് ഹേതുവായി. മലയാള സാഹിത്യം വായനക്കാരുടെ മാറ്റത്തിനനുസരിച്ച് "അഡാപ്റ്റീവ് ഇലാസ്റ്റിസിറ്റി" പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്മാർട്ട്ഫോണുകളുടെയും ഇൻ്റർനെറ്റിന്റെയും തീവ്രമായ വ്യാപനം വായനയുടെ വ്യാപ്തി വർദ്ധിപ്പിച്ചെങ്കിലും അതിന്റെ സ്വഭാവത്തിൽ മൗലികമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഭൗതിക വായനശാലകളുടെ വിസ്തൃതിയിൽ നിന്ന് ഫേസ്ബുക്കും ഇ-ബുക്കുകളും അടങ്ങുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് വായന പുനഃപ്രതിഷ്ഠിക്കപ്പെട്ടു. പുസ്തക ചർച്ചകൾ നേരിട്ടുള്ള സംവാദങ്ങളിൽ നിന്ന് ഇൻസ്റ്റാഗ്രാം തരംഗങ്ങളിലേക്കും, യൂട്യൂബ് വ്ലോഗുകളിലേക്കും, 'ഗുഡ്‌റീഡ്‌സ്'റേറ്റിംഗുകളിലേക്കും മാറി. നിരവധി സൗജന്യ മലയാളം ഈ-ബുക്കുകൾ ഇന്ന് സുലഭമായി ഉപയോഗിക്കാൻ നമുക്ക് സാധിക്കും. കോവിഡ് കാലത്ത് ഓൺലൈൻ ബുക്ക് വിപണി 400-500% വരെ വളർന്നിട്ടുണ്ട്. യുവാക്കൾ ഇൻഫർമേഷൻ ടെക്നോളജിയും ആധുനിക മാധ്യമങ്ങളും വാർത്തകൾക്കും അറിവിനും ആശ്രയിക്കുന്നുണ്ടെങ്കിലും, ഗൗരവതരമായ അനുഭവങ്ങൾക്കും ജ്ഞാനത്തിനും പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിലോ അല്ലാതെയോ ഇന്നും ഉപയോഗിക്കുന്നുണ്ട്.

ഇന്റർനാഷണൽ ജേർണൽ ഫോർ മൾട്ടിഡിസിപ്ലിനറി റിസർച്ച് പ്രസിദ്ധീകരിച്ച ഡിജിറ്റൽ യുഗത്തിലെ വിദ്യാർത്ഥികളുടെ വായനാശീലങ്ങളും മുൻഗണനകളും എന്ന വിഷയത്തിൽ 18-21 പ്രായത്തിലുള്ള 400 കോളേജ് വിദ്യാർത്ഥികളിൽ നടത്തിയ സർവ്വേ പ്രകാരം, 85.1% വിദ്യാർത്ഥികൾ സ്മാർട്ട്‌ഫോണുകൾ ആണ് പ്രധാന വായനാഉപകരണമായി ഉപയോഗിക്കുന്നത്. അതിൽ തന്നെ മലയാളം ഭാഷയിൽ വായിക്കാൻ 55.9% പേർ ഇഷ്ടപ്പെടുന്നു എന്നും ഈ പഠനം കണ്ടെത്തി.

ദീർഘമായ നോവലുകൾ വായിക്കുന്ന ശീലത്തിൽ നിന്ന് മാറി മൈക്രോ വായന, സോഷ്യൽ മീഡിയ ത്രെഡുകൾ, ആർട്ടിക്കിളുകൾ എന്നിവയിലേക്ക് മലയാളി മാറുന്നു. അതോടൊപ്പം വായനാ സമയം വ്യത്യസ്തമായ അൽഗോരിതങ്ങളാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.

ഡിജിറ്റൽ കാലത്തെ മലയാള സാഹിത്യവും വായനയും ചില പുതിയ പ്രവണതകൾ പ്രദർശിപ്പിക്കുന്നുണ്ട്. ക്ലാസിക് റിയലിസത്തിൽ നിന്ന് മാറി സയൻസ് ഫിക്ഷൻ, സ്‌പെക്കുലേറ്റീവ് ഫിക്ഷൻ, ക്രൈം ത്രില്ലറുകൾ എന്നിവയിലേക്ക് മലയാള വായന വികസിച്ചു. ഉദാഹരണത്തിന്, അമൽദേവ് സി.എസ്. (നിത്യവൻ): മിത്തോളജിയും ഫ്യൂച്ചറിസ്റ്റിക് ചിന്തകളും കോർത്തിണക്കിയ രചന, ടി.ഡി. രാമകൃഷ്ണൻ (സുഗന്ധി എന്ന ആണ്ടൾ ദേവനായകി): ചരിത്രവും രാഷ്ട്രീയവും സൈക്കോളജിയും കൂട്ടിയിണക്കിയ ആഖ്യാനം. ബെന്യാമിൻ (മുല്ലപ്പൂ നിറമുള്ള പകലുകൾ): മനഃശാസ്ത്രപരമായ സങ്കീർണ്ണതകൾ ചർച്ച ചെയ്യുന്ന രചന.

ഡിജിറ്റൽ മാധ്യമങ്ങൾ പബ്ലിക് സ്പിയറിനെ വിപുലീകരിച്ചതിന്റെ ഫലമായി ദളിത്-സ്ത്രീപക്ഷ കവിതകൾക്ക് വലിയ പ്രചാരം ലഭിച്ചു. സ്ത്രീപക്ഷ ചിന്തകളും അനുഭവങ്ങളും ആവിഷ്കരിക്കുക, ഡിജിറ്റൽ-അച്ചടി മാധ്യമങ്ങളിലൂടെ രാഷ്ട്രീയാനുഭവങ്ങളും ആധുനികതയും ചർച്ച ചെയ്യുക, കാവ്യഭാവനകളിൽ പാരിസ്ഥിതിക, ദളിത്, അസ്തിത്വപരമായ ചോദ്യങ്ങൾ ഉന്നയിക്കുക തുടങ്ങിയ എഴുത്തുകളിലേക്ക് മലയാളം കൂടുതൽ ഊന്നൽ നൽകി.

ഇക്കാലത്ത്, പരമ്പരാഗത അച്ചടിശാലകളുടെ ഗേറ്റ്‌കീപ്പിംഗ് ഇല്ലാതെ ആർക്കും എഴുതാനും വായിക്കാനും സാധിക്കുകയില്ല എന്നും , സാഹിത്യോത്സവങ്ങളും ഡിജിറ്റൽ ഫോറങ്ങളും വായനക്കാരുടെയും എഴുത്തുകാരുടെയും ഇടയിലെ അകലം കുറക്കുന്നുണ്ട് എന്നും പറയാൻ കഴിയും . വായന ഒരു പൊതു സംവാദമാകുന്നതിന് പകരം, സമാന ചിന്താഗതിയുള്ളവർ മാത്രം സംസാരിക്കുന്ന 'ഇക്കോ ചേമ്പറുകൾ' രൂപപ്പെടുന്നു. പുസ്തകം ഒരു 'ഉൽപ്പന്നം' മാത്രമായി മാറുകയും, വായനക്കാരൻ അത് തന്റെ സാംസ്കാരിക മൂലധനം ഉയർത്താൻ വേണ്ടി മാത്രം സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു എന്ന നില ചെറുതല്ലാത്ത രീതിയിൽ സമൂഹത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മലയാള വായന നശിച്ചുപോയിട്ടില്ല, മറിച്ച് അതിൻ്റെ രൂപത്തിനും ലക്ഷ്യത്തിനും കാതലായ പരിണാമം സംഭവിച്ചിട്ടുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഹേബർമാസ് വിഭാവനം ചെയ്ത ജനാധിപത്യപരമായ 'പൊതുമണ്ഡലം' അച്ചടി യുഗത്തിൽ മലയാളിയുടെ വായനശാലകളിലൂടെ സാക്ഷാത്കരിക്കപ്പെട്ടുവെങ്കിൽ, ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ബോർദ്യു വിശദീകരിച്ച 'സാംസ്കാരിക മൂലധനം' കൈവരിക്കാനുള്ള ഒരു മാധ്യമമായി വായന ഭാഗികമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ആൽഗരിതങ്ങളുടെയും പ്രകടനപരതയുടെയും അതിർവരമ്പുകൾ ലംഘിച്ച് ഡിജിറ്റൽ ഇടങ്ങളെ യുക്തിഭദ്രമായ പൊതുസംവാദങ്ങളിലേക്ക് തിരിച്ചുവിടാൻ സാധിച്ചാൽ മാത്രമേ, ഡിജിറ്റൽ കാലത്തെ മലയാള വായനയ്ക്ക് അതിന്റെ യഥാർത്ഥ സാമൂഹിക-രാഷ്ട്രീയ മൂല്യം നിലനിർത്താൻ നമുക്ക് സാധിക്കുകയുള്ളു.

Shamil Ezhuthumthodi
Shamil Ezhuthumthodi